"നിങ്ങൾക്ക്
പൊക്കം കുറവാണല്ലോ.” അസിസ്റ്റന്റ് പ്രൊഫസർ ജോലിയ്ക്കുള്ള
ഇന്റർവ്യൂവിനു ചെന്ന ഒരു വനിതയോട് ഇന്റർവ്യൂ ബോർഡിലെ ഒരംഗം ചോദിച്ചു. “എനിയ്ക്ക് നെപ്പോളിയൻ ബോണപ്പാർട്ടിനേക്കാൾ പൊക്കമുണ്ട്.” വനിത ഒട്ടും കൂസാതെ മറുപടി പറഞ്ഞു. എന്റെയൊരു മുൻസഹപ്രവർത്തകന്റെ
സഹധർമ്മിണിയായിരുന്നു, അത്.
അസിസ്റ്റന്റ് പ്രൊഫസർ ജോലിയും ഉയരവുമായി യാതൊരു ബന്ധവും കാണാൻ കഴിയുന്നില്ലെങ്കിലും, ഈ ഉത്തരം നെപ്പോളിയനെപ്പറ്റിയും സാമ്രാജ്യങ്ങളെപ്പറ്റിയും അല്പം വായിച്ചറിയാൻ എന്നെ പ്രചോദിപ്പിച്ചു. അതിന്റെ ഫലമാണീ ബ്ലോഗ്. 1804 മുതൽ 1815 വരെ ഫ്രാൻസു ഭരിച്ച നെപ്പോളിയന്റെ ഉയരം അഞ്ചടി രണ്ടിഞ്ചു മാത്രമായിരുന്നെന്ന് അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഫ്രഞ്ചുകാരനായ ഡോക്ടർ ഫ്രാൻസെസ്കോ അന്റോമാർച്ചി തന്റെ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നു. ഫ്രാൻസിന്റെ അഞ്ചടി രണ്ടിഞ്ച് എന്ന അളവ് ഇംഗ്ലണ്ടിലെ അഞ്ചരയടിയ്ക്കു തുല്യമാണെന്ന ഒരു വാദമുണ്ടെങ്കിലും ആ വാദത്തെപ്പറ്റി ഇന്റർവ്യൂ ബോർഡിലെ അംഗത്തിന് അറിവുണ്ടായിരുന്നോ എന്ന ചോദ്യം അപ്രസക്തമാണ്. അസിസ്റ്റന്റ് പ്രൊഫസ്സറുടെ ജോലി ചെയ്യാനുള്ള തന്റേടവും ആത്മവിശ്വാസവും വനിതയ്ക്കുണ്ട് എന്ന് ആ ഒരൊറ്റ ഉത്തരത്തിൽ നിന്നു തന്നെ ഇന്റർവ്യൂ ബോർഡിനു ബോദ്ധ്യം വന്നു കാണണം. വനിത ഇന്റർവ്യൂവിൽ അനായാസം ജയിച്ചു, ജോലി നേടുകയും ചെയ്തു.
ആറടിയിലേറെ ഉയരമുള്ളവർ നിരവധിയുള്ള യൂറോപ്പിൽ അഞ്ചടി രണ്ടിഞ്ചും അഞ്ചരയടിയുമെല്ലാം ഉയരക്കുറവായി കണക്കാക്കപ്പെട്ടതിൽ അതിശയമില്ല. ആധുനിക കാലഘട്ടത്തിലെ ഏറ്റവും വലിയ വീരസാഹസികനായ ചക്രവർത്തിയായി വിശേഷിപ്പിയ്ക്കപ്പെടുന്ന നെപ്പോളിയൻ ബോണപ്പാർട്ട് ഉയരക്കുറവുണ്ടായിരുന്നിട്ടും അനേകം രാജ്യങ്ങൾ ആക്രമിച്ചു കീഴടക്കിയിരുന്നു. അദ്ദേഹത്തിന്റെ സാമ്രാജ്യത്തിന്റെ വലിപ്പം 21 ലക്ഷം ചതുരശ്ര കിലോമീറ്ററായിരുന്നു. എന്നാൽ ഈ വലിപ്പം മറ്റു ചില സാമ്രാജ്യങ്ങളുമായി താരതമ്യം ചെയ്താൽ ഒരു വലിപ്പമേ ആയിരുന്നില്ലെന്നു കാണാം. അലക്സാണ്ടർ ദ ഗ്രേറ്റിന്റെ സാമ്രാജ്യം നെപ്പോളിയന്റേതിന്റെ രണ്ടര ഇരട്ടിയായിരുന്നു: 52 ലക്ഷം ച. കിലോമീറ്റർ. ഗ്രീസ് മുതൽ തെക്ക് ഈജിപ്റ്റു വരെയും പടിഞ്ഞാറ് പാക്കിസ്ഥാൻ വരെയും അദ്ദേഹത്തിന്റെ സാമ്രാജ്യം നീണ്ടു പരന്നു കിടന്നു. അലക്സാണ്ടർ ചക്രവർത്തി നടത്തിയ പടയോട്ടം ക്രിസ്തുവിനു മുമ്പ് നാലാം നൂറ്റാണ്ടിലായിരുന്നു. അദ്ദേഹവും ഇന്ത്യയിലെ പോറസ് - പുരൂരവസ്സ് - രാജാവുമായി നടന്ന യുദ്ധം ചരിത്രപ്രസിദ്ധമാണ്. അലക്സാണ്ടർ സിന്ധു നദി കടന്ന് പുരൂരവസ്സിനെ പരാജയപ്പെടുത്തിയെങ്കിലും, തുടർന്ന് മുന്നോട്ടു പോകാനാകാതെ മടങ്ങുകയാണുണ്ടായത്.
അലക്സാണ്ടർ ചക്രവർത്തിയുടെ സാമ്രാജ്യത്തിന്റെ വിസ്തൃതി 52 ലക്ഷം ച. കിലോമീറ്ററായിരുന്നെന്നു പറഞ്ഞുവല്ലോ. നമ്മുടെ സ്വന്തം ഭാരതത്തിന്റെ വലിപ്പം 33 ലക്ഷം ച. കിലോമീറ്റർ മാത്രമാണ്. അലക്സാണ്ടറുടെ സാമ്രാജ്യം ഭാരതത്തേക്കാൾ 1.6 മടങ്ങു വലുതായിരുന്നു എന്നർത്ഥം. പതിനാറാം നൂറ്റാണ്ടിൽ സ്ഥാപിതമായ മുഗൾ സാമ്രാജ്യത്തിന്റെ വലിപ്പം ഏകദേശം അലക്സാണ്ടർ ചക്രവർത്തിയുടേതിനോളം വന്നിരുന്നു: 50 ലക്ഷം ച. കിലോമീറ്റർ. ഇതേ വലിപ്പം തന്നെയായിരുന്നു, ബീ സി നാലാം നൂറ്റാണ്ടിലെ മൌര്യസാമ്രാജ്യത്തിനും. ഈ രണ്ടു സാമ്രാജ്യങ്ങളിലും ഇന്നത്തെ കേരളം, തമിഴ്നാട് എന്നീ ഭൂവിഭാഗങ്ങൾ ഉൾപ്പെട്ടിരുന്നില്ല.
റോമൻ സാമ്രാജ്യം ഇവയേക്കാളെല്ലാം വലുതായിരുന്നു: 68 ലക്ഷം ച. കിലോമീറ്റർ. മംഗോളിയൻ വംശജനായ കുബ്ലായിഖാൻ ചൈനയിലും സമീപമേഖലകളിലുമായി സ്ഥാപിച്ച യുവാൻ സാമ്രാജ്യത്തിന്റെ വലിപ്പം ഇവയേക്കാളൊക്കൊക്കെ വലുതായിരുന്നു: 140 ലക്ഷം ച. കിലോമീറ്റർ. അല്പം കൂടി വലുതായിരുന്ന ക്വിങ്ങ് സാമ്രാജ്യം ചൈനയിലെ അവസാനത്തേതായിരുന്നു. 1912ൽ അവസാനിച്ച അതിന്ന് 147 ലക്ഷം ച. കിലോമീറ്റർ വിസ്താരമുണ്ടായിരുന്നു.
ഒരു വ്യക്തി സൈന്യത്തെ നയിച്ച് സ്വയം യുദ്ധക്കളത്തിലിറങ്ങി പടവെട്ടി രാജ്യങ്ങൾ പിടിച്ചടക്കി സ്ഥാപിച്ച സാമ്രാജ്യങ്ങളിൽ ഏറ്റവും വലിപ്പമുള്ളത് മുമ്പു പറഞ്ഞവയൊന്നുമായിരുന്നില്ല. മംഗോളിയയിലെ ജെങ്കിസ് ഖാന്റെ മംഗോൾ സാമ്രാജ്യമായിരുന്നു അത്. 330 ലക്ഷം ച. കിലോമീറ്റർ. മംഗോളിയ മുതൽ ചൈന, അഫ്ഘാനിസ്ഥാൻ, ഇറാൻ, ഇറാക്ക്, സിറിയ, കാസ്പിയൻ കടലിന്റെ പടിഞ്ഞാറുള്ള ജോർജ്ജിയ, അങ്ങനെ അതിവിസ്തൃതമായ ഭൂവിഭാഗമായിരുന്നു ജെങ്കിസ്ഖാന്റെ സാമ്രാജ്യത്തിൽ ഉൾപ്പെട്ടിരുന്നത്. ശാന്തസമുദ്രം മുതൽ സിൽക്ക് റൂട്ടു വഴി കാസ്പിയൻ കടൽ വരെ.
ബ്രിട്ടീഷ് സാമ്രാജ്യത്തിനു മാത്രമാണ് ഇതിനേക്കാൾ നേരിയ തോതിലെങ്കിലും വലിപ്പക്കൂടുതലുണ്ടായിരുന്നത്: അവരുടെ 332 ലക്ഷം ച. കിലോമീറ്റർ വിസ്തൃതി വിവിധ ഭൂഖണ്ഡങ്ങളിലായിരുന്നതിനാൽ അവയിലെത്താൻ സമുദ്രയാത്ര വേണ്ടി വന്നിരുന്നു. ഇക്കാര്യത്തിലായിരുന്നു, ജെങ്കിസ് ഖാന്റെ സാമ്രാജ്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത: തുടർച്ചയായി, നീണ്ടു പരന്നു കിടന്നിരുന്ന, ഒരറ്റം മുതൽ മറ്റേയറ്റം വരെ കരയിലൂടെ സഞ്ചരിയ്ക്കാവുന്ന ഒരൊറ്റ ഭൂവിഭാഗമായിരുന്നു ജെങ്കിസ് ഖാന്റെ സാമ്രാജ്യം. ഇത്തരം മറ്റൊരു സാമ്രാജ്യത്തിനും ഇതിന്റെ പകുതി പോലും വലിപ്പമുണ്ടായിരുന്നില്ല.
ജെങ്കിസ് ഖാനെപ്പറ്റി പറയുമ്പോൾ അദ്ദേഹത്തിന്റെ ചരിത്രത്തിലെ ഇരുണ്ട അദ്ധ്യായമാണ് ആദ്യം തന്നെ പറയേണ്ടി വരുന്നത്. അദ്ദേഹത്തിന്റെ നിഷ്ഠൂരരായ പട്ടാളം കൊന്നൊടുക്കിയത് നൂറു കണക്കിനോ ആയിരക്കണക്കിനോ ആളുകളെയായിരുന്നില്ല. രാജ്യങ്ങൾ പിടിച്ചടക്കി സാമ്രാജ്യം സ്ഥാപിയ്ക്കാനുള്ള ത്വരയ്ക്കിടയിൽ നാലു കോടി എതിരാളികളെയാണ് അദ്ദേഹത്തിന്റെ സൈന്യം കൊന്നൊടുക്കിയത്. ഇക്കാരണത്താൽ ജെങ്കിസ് ഖാന്റെ നാമധേയം ക്രൂരതയുടെ പര്യായമായാണ് ലോകം അനുസ്മരിയ്ക്കാറ്. ഹിറ്റ്ലറാണ് ആധുനികകാലത്തെ ഏറ്റവും വലിയ കൊലപാതകിയായി കണക്കാക്കപ്പെടുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന്നിടയിൽ ഹിറ്റ്ലറുടെ നേതൃത്വത്തിലുള്ള ജർമ്മൻ സൈന്യവിഭാഗങ്ങൾ ഒരു കോടി പത്തു ലക്ഷം സാധാരണക്കാരെ കൊന്നൊടുക്കിയെന്നു ചരിത്രം പറയുന്നു. ഇതിന്റെ നാലിരട്ടിയായിരുന്നു ജെങ്കിസ് ഖാന്റെ സൈന്യത്തിന്റെ കണക്കിൽ ചരിത്രം കുറിച്ചിട്ടിരിയ്ക്കുന്ന പാതകങ്ങൾ.
അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആറ്റില എന്ന ഹൂണരാജാവിനെപ്പറ്റി ഭയത്തോടെയാണ് സർവ്വരും ഓർക്കാറ്. ആറ്റിലയേക്കാൾ വളരെക്കൂടുതൽ - ആകെ നാലു കോടി - കൊലകൾ നടത്തിയെങ്കിലും, ജെങ്കിസ് ഖാൻ ആറ്റിലയേക്കാൾ പലതുകൊണ്ടും വ്യത്യസ്തനായിരുന്നു. ഒരു പട്ടണത്തെ ആക്രമിയ്ക്കുമ്പോൾ ജെങ്കിസ് ഖാൻ അവിടുത്തെ രാജാവിന് ഒരു മുന്നറിയിപ്പു നൽകും: ‘നിരുപാധികം കീഴടങ്ങുക. കീഴടങ്ങുന്നില്ലെങ്കിൽ ഈ ചാട്ടയേക്കാൾ ഉയരമുള്ള സകലരേയും ഞങ്ങൾ കൊല്ലും.’ ചില രാജാക്കന്മാർ എതിരിടാനൊരുങ്ങാതെ കീഴടങ്ങി. കീഴടങ്ങിയവരോട് ജെങ്കിസ് ഖാൻ ദയവു കാണിച്ചു. എന്നാൽ മറ്റു ചില രാജ്യങ്ങൾ എതിരിട്ടു. അവിടുത്തെ ജനതകൾ നിഷ്കരുണം വധിയ്ക്കപ്പെടുകയും ചെയ്തു. കുട്ടികളെപ്പോലും അവർ വെറുതെ വിട്ടില്ല. ഇത്തരമൊരാക്രമണത്തിൽ ജെങ്കിസ് ഖാന്റെ അൻപതിനായിരത്തോളം വന്ന സൈന്യത്തിലെ ഓരോരുത്തരും ഇരുപത്തിനാലു പേരെ വീതം കൊല ചെയ്തെന്നു ചരിത്രത്തിൽ കാണുന്നു.
പാശ്ചാത്യചരിത്രകാരന്മാർ പൊതുവിൽ ജെങ്കിസ് ഖാനോടു ദയവു കാണിച്ചിട്ടില്ലെങ്കിലും അവർ അദ്ദേഹത്തിന്റെ ചില ഗുണവൈശിഷ്ട്യങ്ങൾ മറന്നില്ല. മംഗോളിയയിലെ കിയാദ് വർഗ്ഗത്തിൽ പിറന്നയാളായിരുന്നെങ്കിലും ജെങ്കിസ് ഖാൻ മതസഹിഷ്ണുതയുള്ളയാളുമായിരുന്നു. അദ്ദേഹം അന്യമതങ്ങളിൽ നിന്ന് തത്വശ്ശാസ്ത്രപരവും സദാചാരപരവുമായ പാഠങ്ങൾ പഠിയ്ക്കാൻ താത്പര്യം കാണിച്ചു. ഇതിന്നായി ബുദ്ധമതത്തിലേയും ഇസ്ലാം മതത്തിലേയും ക്രിസ്തുമതത്തിലേയും പുരോഹിതന്മാരിൽ നിന്ന് ഉപദേശങ്ങൾ സ്വീകരിച്ചു. ബുദ്ധമതവിശ്വാസികളുടെ അധീനതയിലായിരുന്ന ഉത്തരപൂർവ്വേഷ്യയേയും ഇസ്ലാം മതവിശ്വാസികളുടെ അധീനതയിലായിരുന്ന ദക്ഷിണപശ്ചിമേഷ്യയേയും ക്രിസ്തുമതവിശ്വാസികളുടെ അധീനതയിലായിരുന്ന യൂറോപ്പിന്റെ പല ഭാഗങ്ങളേയും ഒരൊറ്റ ഭരണത്തിൻ കീഴിൽ കൊണ്ടുവന്ന് അതുവഴി ഈ മൂന്നു സംസ്കാരങ്ങളുടേയും സംയോജനം സാധിച്ചു. തന്റെ സാമ്രാജ്യത്തിലൊട്ടാകെ ഉയ്ഘുർ ലിപി ഉപയോഗിച്ച് എഴുതാനുള്ള സംവിധാനം നടപ്പാക്കി. മറ്റൊരാളുടെ മുമ്പിൽ വച്ച്, അയാൾക്കു കൂടി നൽകാതെ ആഹാരം കഴിയ്ക്കുന്നത് ശിക്ഷാർഹമാക്കി.
ജെങ്കിസ് ഖാന് അനേകം ഭാര്യമാരുണ്ടായിരുന്നു. അദ്ദേഹം അവരെ സ്നേഹിയ്ക്കുകയും തുല്യമായി പ്രീണിപ്പിയ്ക്കുകയും ചെയ്തു പോന്നു. വിജയകരമായ ഓരോ ആക്രമണത്തിലും കൈക്കലാക്കിയ വിലപ്പെട്ട മുതലുകളെല്ലാം അദ്ദേഹം സൈനികരുമായി പങ്കു വച്ചു. എന്നാൽ, അതിസുന്ദരികളായ സ്ത്രീകൾ ഖാനു മാത്രമുള്ളവരായിരുന്നു. ഇതിന്റെ പരിണിതഫലം ജനിതകശ്ശാസ്ത്രജ്ഞരുടെ ഒരന്താരാഷ്ട്രസംഘം നടത്തിയ പഠനങ്ങളിൽ ഏതാണ്ട് ഒന്നരക്കൊല്ലം മുമ്പു വെളിപ്പെട്ടു: ഇന്നു ജീവിച്ചിരിയ്ക്കുന്ന ഓരോ ഇരുന്നൂറു പുരുഷന്മാരിലും ഒരാൾ വീതം ജെങ്കിസ് ഖാനുമായി ജനിതകമായി ബന്ധപ്പെട്ടിരിയ്ക്കുന്നുവത്രെ. മദ്ധ്യേഷ്യയിലെ ഒന്നരക്കോടിയിലേറെ പുരുഷന്മാർക്ക് ജെങ്കിസ് ഖാന്റെ “വൈ” ക്രോമസോമുണ്ടെന്ന് ആ സംഘം കണ്ടെത്തി.
ബാല്യത്തിൽ ചെങ്കിസ് ഖാന്റെ പേര് ടെമൂജിൻ എന്നായിരുന്നു. ഒൻപതു വയസ്സു മാത്രം പ്രായമുള്ളപ്പോൾ പിതാവു മരണമടഞ്ഞു. അതോടെ അദ്ദേഹത്തിന്റെ കുടുംബം സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ടു. ജീവിതം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. മംഗോളിയക്കാർ ഭൂമിയിലെ ഏറ്റവുമധികം സഹനശക്തിയുള്ള ജനതയാണെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിയ്ക്കുന്നു. ടെമൂജിൻ ഏറ്റവുമധികം സഹനശക്തിയുള്ള വ്യക്തിയായി വളർന്നതിൽ അതിശയമില്ല. അദ്ദേഹം യുദ്ധങ്ങളിൽ സൈന്യത്തെ നയിയ്ക്കുമ്പോൾ ചക്രവർത്തിയായിരുന്നിട്ടുപോലും സൈനികരുടെ കഷ്ടപ്പാടുകൾ പങ്കിട്ടു. വ്യക്തികളുടെ വൈശിഷ്ട്യങ്ങൾ കണക്കിലെടുത്ത്, അദ്ദേഹമവരെ വർഗ്ഗമതഭേദമെന്യേ അംഗീകരിയ്ക്കുകയും ആത്മാർത്ഥതയുള്ളവരെ ആദരിയ്ക്കുകയും ചെയ്തു. തന്റെ വാക്കിന് അദ്ദേഹം വലുതായ വില കൽപ്പിച്ചു. കൊടുത്ത വാഗ്ദാനങ്ങൾ നിർബന്ധമായും പാലിച്ചു. ഇതുകൊണ്ടെല്ലാമായിരിയ്ക്കണം, സൈനികനേതാക്കളിൽ ഒരാൾ പോലും അദ്ദേഹത്തെ ഒരിയ്ക്കലും വഞ്ചിച്ചില്ല.
നാലു കോടി മനുഷ്യരെ കൊല ചെയ്തെങ്കിലും ജെങ്കിസ് ഖാൻ മംഗോളിയയിലെ ഇന്നത്തെ തലമുറയുടെ പോലും ആരാധനാപാത്രമാണ്. അദ്ദേഹത്തെ മംഗോളിയയുടെ സ്ഥാപകപിതാവായി അവർ കണക്കാക്കുന്നു. റഷ്യയ്ക്കും ചൈനയ്ക്കുമിടയിലുമുള്ള ഒരു രാജ്യമാണ് മംഗോളിയ. റഷ്യയും ചൈനയും അതിപ്രസിദ്ധരാണ്, വൻശക്തികളാണ്. മംഗോളിയയാകട്ടെ, അധികമൊന്നും അറിയപ്പെടാത്ത രാഷ്ട്രവും. ഇന്ത്യയുടെ പകുതി വലിപ്പമേ മംഗോളിയയ്ക്കുള്ളു. ജനസംഖ്യ വെറും മുപ്പതു ലക്ഷത്തിൽ താഴെയും. നമ്മുടെ ജനസംഖ്യ അവരുടേതിന്റെ ഏകദേശം നാനൂറിരട്ടി വരും. ഒന്നു രണ്ടു കാര്യങ്ങളിൽ മംഗോളിയ നമ്മേക്കാൾ മുന്നിലാണ്: നമ്മുടേതിന്റെ ഇരട്ടി പ്രതിശീർഷവരുമാനമുണ്ട് അവർക്ക്. എങ്കിലും നമ്മെപ്പോലെതന്നെ അവിടെയും മൂന്നിലൊന്നു ജനം ദാരിദ്ര്യരേഖയ്ക്കു താഴെയാണ്. മറ്റൊന്ന് സാക്ഷരതയാണ്: അവർക്ക് 97.4 ശതമാനം സാക്ഷരതയുണ്ട്. നമുക്ക് 74.4 ശതമാനം മാത്രമേയുള്ളു.
അധികം അറിയപ്പെടാതെ കിടക്കുന്ന മംഗോളിയയാണ് ലോകത്തിലെ ഏറ്റവും ശക്തനായിരുന്ന ചക്രവർത്തിയ്ക്കു ജന്മം കൊടുത്തതെന്നോർക്കുമ്പോൾ അതിശയം തോന്നുന്നു. അതുമാത്രമോ, ചൈനയിൽ യുവാൻ സാമ്രാജ്യം സ്ഥാപിച്ച കുബ്ലായ് ഖാൻ ജെങ്കിസ് ഖാന്റെ പൌത്രനായിരുന്നു. കുബ്ലായ് ഖാൻ തുടക്കത്തിൽ മംഗോളിയൻ വംശജനായിരുന്നെങ്കിലും പിൽക്കാലത്ത് ഇസ്ലാം മതം സ്വീകരിച്ചു. മംഗോളിയയുടേയും ചൈനയുടേയും ചരിത്രങ്ങൾ തമ്മിൽ കെട്ടുപിണഞ്ഞു കിടക്കുന്നു. ചൈനയും മംഗോളിയയും ഒരേ സാമ്രാജ്യത്തിന്റെ ഭാഗങ്ങളായിരുന്നു. ഒരു തവണയല്ല, രണ്ടു തവണ.
മുമ്പു പരാമർശിച്ച ചക്രവർത്തിമാരുടെ അന്ത്യങ്ങൾ എപ്രകാരമായിരുന്നെന്നു പരിശോധിയ്ക്കാം. നെപ്പോളിയന് രണ്ടു തവണ കീഴടങ്ങേണ്ടി വന്നിരുന്നു. ആദ്യത്തെ തവണ ഫ്രാൻസിൽ നിന്നു നാടു കടത്തപ്പെട്ട് എൽബാ ദ്വീപിൽ താമസിയ്ക്കുമ്പോൾ സദാ കൂടെ കൊണ്ടു നടന്നിരുന്ന വിഷഗുളിക കഴിച്ച് അദ്ദേഹം ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. കാലപ്പഴക്കത്താൽ ഗുളികയിലെ വിഷവീര്യം നഷ്ടപ്പെട്ടിരുന്നതിനാൽ ആത്മഹത്യാശ്രമം പരാജയപ്പെട്ടു. എൽബാ ദ്വീപിൽ നിന്നു രക്ഷപ്പെട്ട് ഫ്രാൻസിലെത്തിയ നെപ്പോളിയൻ വീണ്ടും അധികാരം കൈയ്യടക്കുകയും സൈന്യത്തെ പുനഃസംഘടിപ്പിച്ച് അയൽ രാജ്യങ്ങളുമായി യുദ്ധത്തിലേർപ്പെടുകയും ചെയ്തു. ഒടുവിൽ, 1815ൽ ബെൽജിയത്തിലെ വാട്ടർലൂവിൽ വച്ചു നടന്ന ചരിത്രപ്രസിദ്ധമായ യുദ്ധത്തിൽ നെപ്പോളിയൻ പരാജയപ്പെട്ടു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച നെപ്പോളിയന് ബ്രിട്ടീഷ് നാവികസേനയുടെ മുന്നിൽ കീഴടങ്ങേണ്ടി വന്നു. ആറു വർഷത്തോളം ബ്രിട്ടീഷ് തടവുകാരനായി കഴിയവെ നെപ്പോളിയൻ മരണമടഞ്ഞു.
രണ്ടാം ലോകമഹായുദ്ധത്തിൽ ആറു കോടിയിലേറെപ്പേർ മരണമടഞ്ഞു. ഇവയ്ക്കെല്ലാം പ്രത്യക്ഷമായോ പരോക്ഷമായോ ഉത്തരവാദികളായിരുന്നവരിൽ മുഖ്യൻ ഹിറ്റ്ലറായിരുന്നു. റഷ്യൻ സൈന്യം ബെർലിൻ നഗരത്തിൽ, ഹിറ്റ്ലറുടെ തെരുവിൽ എത്തിയപ്പോൾ ഹിറ്റ്ലർ സ്വയം വെടിവച്ചു മരിയ്ക്കുകയാണുണ്ടായത്. ഹിറ്റ്ലറുടെ സഖ്യരാജ്യമായിരുന്ന ഇറ്റലിയുടെ ഏകാധിപതി മുസ്സൊലീനി വെടിവച്ചു കൊല്ലപ്പെട്ടു. ഹിറ്റ്ലർ കെട്ടിപ്പടുത്ത ജർമ്മൻ സാമ്രാജ്യം അമേരിക്കയും റഷ്യയുമടങ്ങുന്ന സഖ്യകക്ഷികൾ പങ്കിട്ടെടുത്തു. ഇറ്റലി സ്വതന്ത്ര, ജനാധിപത്യ രാഷ്ട്രമായിത്തീർന്നു. അലക്സാണ്ടർ ചക്രവർത്തി രോഗബാധിതനായി മരിച്ചതാണെന്നും, അതല്ല, അദ്ദേഹത്തിനു വിഷം കൊടുത്തു കൊന്നതാണെന്നും വാദങ്ങളുണ്ട്. അലക്സാണ്ടർ ചക്രവർത്തിയ്ക്കു സന്തതികളുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ സാമ്രാജ്യം ചിന്നിച്ചിതറിപ്പോയി.
കീഴടങ്ങിയ ഒരു രാജ്യത്തെ രാജകുമാരിയുമായി വേഴ്ച നടത്തിക്കൊണ്ടിരിയ്ക്കെ, ജെങ്കിസ് ഖാൻ രാജകുമാരിയുടെ കുത്തേറ്റു മരിച്ചുവെന്നാണ് ഒരു വിഭാഗം മംഗോളിയർ വിശ്വസിയ്ക്കുന്നത്. ഒരു യുദ്ധത്തിന്നിടയിലേറ്റ മുറിവിലൂടെ ഉണ്ടായ വിഷബാധ മൂലമാണ് ജെങ്കിസ് ഖാൻ മരിച്ചതെന്ന് സഞ്ചാരിയായ മാർക്കോ പോളോ രേഖപ്പെടുത്തിയിരിയ്ക്കുന്നു. മുമ്പു പരാമർശിച്ച ഏകാധിപതികളിൽ നിന്നു വ്യത്യസ്തമായി, സ്വന്തം കാലശേഷവും സാമ്രാജ്യം നിലനിൽക്കാനുള്ള സംവിധാനങ്ങൾ ജെങ്കിസ് ഖാൻ ഏർപ്പെടുത്തിയിരുന്നു. അവ ഫലവത്തായി. ഏകദേശം രണ്ടു നൂറ്റാണ്ടോളം മംഗോൾ സാമ്രാജ്യം നിലനിന്നു. 1368ൽ മംഗോൾ സാമ്രാജ്യം നാമാവശേഷമായി.
സാമ്രാജ്യങ്ങളില്ലെന്നതാണ് ആധുനികകാലഘട്ടത്തിലെ വലിയൊരു വൈശിഷ്ട്യം. ഇന്നു രാഷ്ട്രങ്ങളേയുള്ളു. 330 ലക്ഷം ച. കിലോമീറ്റർ വലിപ്പമുണ്ടായിരുന്ന മംഗോൾ സാമ്രാജ്യത്തിന്റെ സ്ഥാനത്ത് ഇന്നവശേഷിയ്ക്കുന്നത് മംഗോളിയ എന്ന രാഷ്ട്രം. അതിന്റെ ഇപ്പോഴത്തെ വിസ്തീർണ്ണം 15.64 ലക്ഷം ച. കിലോമീറ്റർ മാത്രം; പഴയ സാമ്രാജ്യത്തിന്റെ, അഥവാ പ്രതാപത്തിന്റെ ഇരുപതിലൊന്നു മാത്രം. ബ്രിട്ടന്റെ കാര്യമാണ് ഏറ്റവും പരിതാപകരം: 332 ലക്ഷം ച. കിലോമീറ്റർ വലിപ്പമുണ്ടായിരുന്ന, സൂര്യനസ്തമിയ്ക്കാത്ത സാമ്രാജ്യമായിരുന്നു, ബ്രിട്ടന്റേത്. ഇന്നത് 2.43 ലക്ഷം ച. കിലോമീറ്റർ മാത്രമായി ചുരുങ്ങിയിരിയ്ക്കുന്നു. നമ്മുടെ ഉത്തർപ്രദേശിനു പോലുമുണ്ട് ഏകദേശം ബ്രിട്ടനോളം വലിപ്പം. ഫ്രഞ്ച്, ജർമ്മൻ, ഗ്രീക്ക്, റോമൻ സാമ്രാജ്യങ്ങളുടെയെല്ലാം സ്ഥിതിയും ഇതൊക്കെത്തന്നെ.
കൊല്ലും കൊലയും കൊള്ളയടിയും ബ്രിട്ടനുൾപ്പെടെയുള്ള സാമ്രാജ്യങ്ങളുടെ കൂടപ്പിറപ്പായിരുന്നു. അവയിൽ മിയ്ക്കവയും സാംസ്കാരികതയ്ക്കെതിരുമായിരുന്നു. രക്തച്ചൊരിച്ചിലുള്ളിടത്ത് സംസ്കാരമുണ്ടാവില്ല. സാമ്രാജ്യങ്ങളുടെ അസ്തമനവും രാഷ്ട്രങ്ങളുടെ പരസ്പര സഹകരണവും ഐക്യരാഷ്ട്രസഭയുടെ രൂപീകരണവും ഇരുപതാം നൂറ്റാണ്ടിൽ മനുഷ്യർ നേടിയ സാംസ്കാരികപുരോഗതിയുടെ ഉത്തമദൃഷ്ടാന്തങ്ങളാണ്. അന്യോന്യം വെട്ടിപ്പിടിയ്ക്കാൻ വെമ്പുന്നതിനു പകരം പരസ്പരം സഹകരിയ്ക്കുകയും സഹായിയ്ക്കുകയും ചെയ്യുന്ന 193 രാഷ്ട്രങ്ങൾ. ഒരു മേശയ്ക്കു ചുറ്റുമിരുന്നുള്ള ചർച്ചയിലൂടെ തീരാത്ത തർക്കങ്ങൾ തീർക്കാൻ ലോകകോടതി. മിയ്ക്ക രാഷ്ട്രങ്ങളിലും ജനാധിപത്യവും.
ഒന്നാം ലോകമഹായുദ്ധത്തിൽ ഒന്നേമുക്കാൽ കോടിപ്പേർക്ക് ജീവൻ വെടിയേണ്ടി വന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ ആറു കോടിപ്പേർക്കും. ലോകസമാധാനത്തിലേയ്ക്കുള്ള വഴി സാമ്രാജ്യത്വത്തിലൂടെയല്ല എന്നു ലോകത്തിനു മനസ്സിലായത് 1914 മുതൽ 1945 വരെയുള്ള മൂന്നു പതിറ്റാണ്ടിനിടയിൽ ഏഴേമുക്കാൽക്കോടി മനുഷ്യർ കൊല്ലപ്പെട്ടു കഴിഞ്ഞപ്പോൾ മാത്രമാണ്. ലോകസമാധാനത്തിന്നായി നൽകേണ്ടി വന്ന വില വളരെ വലുതാണ്. എങ്കിലും സാമ്രാജ്യങ്ങളും സാമ്രാജ്യത്വവും ഇങ്ങിനിവരാതവണ്ണം പോയ്മറഞ്ഞിരിയ്ക്കുന്നു. നമുക്കാശ്വസിയ്ക്കുക. നിതാന്തജാഗ്രത പുലർത്തുകയും ചെയ്യുക.